ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കാമാന്റ് ധാരണ. പാര്‍ലമെന്റിലെ നിലവിലെ അംഗസംഖ്യ കുറക്കാനാകില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. ഒരു സംസ്ഥാനത്തും ഇളവുവേണ്ടെന്ന് ഹൈക്കമാന്‍ഡ് ധാരണയിലെത്തി.
കേരളത്തല്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരില്‍ ചിലര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുന്നതായ റിപ്പോര്‍ട്ടകള്‍ നേരത്തെ ഉണ്ടായിരുന്നു. പ്രധാനമായും കെ.മുരളീധരന്‍, കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേട്ടത്. ഇതിനിടെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതായി വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്.
മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതാണ് വിജയ സാധ്യത കൂട്ടുകയെന്ന ചര്‍ച്ച നിലവില്‍ ഉയര്‍ന്നിരുന്നു. രാജ്യസഭയില്‍ ആകെ 37 പേരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. ലോക്‌സഭയില്‍ 51 പേരും. ഈ സാഹചര്യത്തിലാണ് നിലവിലുള്ള അംഗസംഖ്യ കുറക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു.