സാമൂഹ്യ മാധ്യമങ്ങളില്‍ ഭരണാധികാരികളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ അവരുടെ നിലപാടുകളോടുള്ള ജനങ്ങളുടെ സമീപനത്തിന്റെ അളവുകോലായാണ് പരിഗണിക്കപ്പെടുന്നത്. ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കിബാത്ത് വീഡിയോക്ക് ബിജെപിയുടെ യു ട്യൂബ് ചാനലില്‍ അഞ്ച് ലക്ഷത്തിലേറെ ഡിസ് ലൈക്കുകള്‍ ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ സൂചനയായാണ് കാണേണ്ടത്. ഡിസ്‌ലൈക്കുകളുടെ എണ്ണപ്പെരുക്കത്തില്‍ ആശങ്കാകുലരായ ബിജെപി ലൈക്കുകളും ഡിസ്‌ലൈക്കുകളും മറച്ചുവെക്കുന്നതിനുള്ള മാര്‍ഗം അവലംബിക്കുകയാണ് പിന്നീട് ചെയ്‌തത്.
20 ലക്ഷത്തിലേറെ പേര്‍ കണ്ട വീഡിയോക്ക്‌അഞ്ചിലൊന്ന് പേരും അനിഷ്‌ടം രേഖപ്പെടുത്തിയതിന് കാരണം ജെഇഇ, എന്‍ഇഇടി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി യാതൊരു പരാമര്‍ശവും നടത്താത്തതായിരുന്നു. സ്വഭാവികമായും ഈ വീഡിയോ കണ്ട പരീക്ഷാര്‍ത്ഥികളും രക്ഷിതാക്കളുമായിരിക്കും അനിഷ്‌ടം പ്രകടിപ്പിച്ചവരില്‍ ഏറെയും. സര്‍ക്കാരിനോട് ഇങ്ങനെ പല വിഷയങ്ങളിലും ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. അത് രേഖപ്പെടുത്താന്‍ അവസരം ലഭിക്കുന്ന വേദികളെ അവര്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ജനപ്രീതിയില്‍ വളരെ മുന്നിലായിരുന്ന പ്രധാനമന്ത്രിയുടെ വീഡിയോക്ക് ലഭിച്ച ഡിസ്‌ലൈക്കുകള്‍ ഈ പ്രതിഷേധ ത്വരയുടെ പ്രകടനമാണ്.
രാജ്യം അങ്ങേയറ്റം പ്രതിസന്ധി നേരിടുന്ന സമയത്ത് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നത് ഉദാസീന സമീപനമാണ്. ജനങ്ങള്‍ ലോക്‌ഡൗണ്‍ നടപ്പിലാക്കുന്നതിലും അയവ് വരുത്തുന്നതിലും യുക്തിക്ക് നിരക്കാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ രീതികളെ ജനങ്ങള്‍ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു. സ്വാഭാവികമായും സര്‍ക്കാരിനോടുള്ള പ്രതിഷേധം പ്രതിപക്ഷത്തിനുള്ള പിന്തുണയായി മാറേണ്ടതാണ്. അത് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നുണ്ടോ? പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഡിസ്‌ലൈക്കുകള്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാവിനുള്ള ലൈക്കുകളായി മാറുന്നുണ്ടെങ്കില്‍ അത് സംഭവിക്കുന്നുവെന്ന് കരുതാം. പക്ഷേ സമൂഹത്തിന്റെ പരിഛേദമായി കരുതപ്പെടുന്ന സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിയെ പോലുള്ള പ്രതിപക്ഷ പ്രമുഖര്‍ക്ക് എത്രത്തോളം ജനപിന്തുണ ലഭിക്കുന്നുണ്ട്?
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വഷളായതിലുള്ള പ്രതിഷേധവുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായ നാല് വീഡിയോകളാണ് പോസ്റ്റ് ചെയ്‌തത്. രാജ്യത്തിന്റെ ജിഡിപി ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കടുത്ത തളര്‍ച്ച നേരിട്ട സാഹചര്യത്തില്‍ ഇതിന്റെ കാരണക്കാര്‍ സര്‍ക്കാര്‍ തന്നെയാണെന്ന് ചൂണ്ടികാട്ടുകയാണ് രാഹുല്‍ഗാന്ധി ഈ വീഡിയോകളില്‍ ചെയ്യുന്നത്.
രാഹുല്‍ഗാന്ധിയുടെ മൂന്നാമത്തെ വീഡിയോ ജിഎസ്‌ടി എന്ന `ഗബ്ബാര്‍ സിംഗ് ടാക്‌സ്’ ആണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുരടിപ്പിച്ചത് എന്ന് വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു. രാഹുല്‍ പറഞ്ഞ വസ്‌തുതയോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഭരണപക്ഷത്തിന് കഴമ്പുള്ള എതിര്‍വാദമൊന്നും ഉന്നയിക്കാനില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ രാഹുല്‍ ഗാന്ധി വിളിച്ചു പറയുന്ന ഈ സത്യങ്ങളും ചൂണ്ടിക്കാട്ടുന്ന വസ്‌തുതകളും എത്ര പേരിലേക്കെത്തുന്നു?
മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്‌ത രാഹുല്‍ഗാന്ധിയുടെ മൂന്നാമത്തെ വീഡിയോ കണ്ടത് 1.58 ലക്ഷം പേരാണ്. 45,000 പേര്‍ വീഡിയോ ലൈക്ക് ചെയ്‌തു. മോദിയുടെ വീഡിയോവിന് ഡിസ്‌ലൈക്ക് അടിച്ചതിന്റെ അത്രയും പേര്‍ പോലും രാഹുലിന്റെ വീഡിയോ കണ്ടിട്ടില്ല. മോദിയുടെ വീഡിയോ കാണുന്നതിന്റെ പത്തിലൊന്ന് പേര്‍ പോലും രാഹുലിന്റെ വീഡിയോ കാണുന്നില്ല. സാമൂഹ്യ മാധ്യമങ്ങള്‍ സമൂഹത്തിന്റെ പരിഛേദമാണെങ്കില്‍ മോദിക്കും രാഹുലിനും കിട്ടുന്ന ജനപിന്തുണയുടെ അന്തരമാണ് ഇതില്‍ കാണുന്നത്.
സര്‍ക്കാരിനുള്ള എതിര്‍പ്പ് തങ്ങള്‍ക്കുള്ള പിന്തുണയാക്കി മാറ്റാന്‍ കഴിയാത്ത ദുര്‍ബലരായ നേതാക്കളാണ് പ്രതിപക്ഷത്തുള്ളത്. ഒരു പ്രശ്‌നത്തിലും ജനപിന്തുണ ആര്‍ജിക്കും വിധം ഇടപെടാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ല. ലോക്‌ഡൗണ്‍ കാലത്ത് അദ്ദേഹം പല വീഡിയോകളും പോസ്റ്റ് ചെയ്‌തു. പക്ഷേ അതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിന്റെ ദൗത്യം എവിടെയുമെത്തുന്നില്ല. സര്‍ക്കാരിന്റെ കോട്ടങ്ങളാണ് പ്രതിപക്ഷത്തിന്റെ നേട്ടങ്ങളായി മാറേണ്ടത്. പക്ഷേ ആ പരിവര്‍ത്തനം സൃഷ്‌ടിക്കാനുള്ള പ്രാപ്‌തി പ്രതിപക്ഷ നേതാക്കള്‍ പ്രകടിപ്പിക്കുന്നില്ല. ലോക്‌ഡൗണ്‍ മൂലം കഷ്‌ടതകളും വിഷമതകളും നേരിടുന്നവരുടെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ കഴിയാത്ത പ്രതിപക്ഷം മോദി സര്‍ക്കാരിന് ലഭിച്ച അനുഗ്രഹമാണെന്ന് പറയേണ്ടി വരും.