അബുദാബിയിലേക്ക് റോഡുമാര്‍ഗം പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് അടിയന്തര ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടികൂടിയായാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
48 മണിക്കൂറിനിടയില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് പി.സി.ആര്‍. ഫലം, അല്ലെങ്കില്‍ ഡി.പി.ഐ. നെഗറ്റീവ് ഫലം എന്നിവയില്‍ ഏതെങ്കിലും ഒന്നുമായി അബുദാബിയിലേക്ക് പ്രവേശിക്കാമെന്ന വ്യവസ്ഥ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. മറ്റ് എമിറേറ്റുകളില്‍നിന്നുള്ള പൗരന്മാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ തുടര്‍ച്ചയായി ആറോ അതില്‍ കൂടുതലോ ദിവസങ്ങള്‍ അബുദാബിയില്‍ തുടരുകയാണെങ്കില്‍ ആറാം ദിവസം നിര്‍ബന്ധമായും പി.സി.ആര്‍. പരിശോധന നടത്തണം. ഈ പരിശോധന നിര്‍ബന്ധമാണെന്നും ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടികളുണ്ടാകുമെന്നും കമ്മിറ്റി അറിയിച്ചു.