സംസ്ഥാനത്തെ കോളജുകള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കോളജുകളും സര്‍വകലാശാലകളും രാവിലെ 8.30 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കണം.
സര്‍വകലാശാലകള്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, മ്യൂസിക്, ഫൈന്‍ ആര്‍ട്‌സ്, ലോ, ഫിസിക്കല്‍ എഡ്യുക്കേഷന്‍, പോളിടെക്‌നിക് കോളജുകള്‍ എന്നിവയില്‍ ബിരുദ കോഴ്‌സിന് അഞ്ച്, ആറ് സെമസ്റ്ററുകള്‍ക്കാണ് ആദ്യം ക്ലാസുകള്‍ ആരംഭിക്കുക.
പി.ജി, ഗവേഷണ കോഴ്‌സുകളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ജനുവരി 4ന് ക്ലാസ് ആരംഭിക്കും. പാഠഭാഗങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി ശനി പ്രവര്‍ത്തി ദിനമാക്കും. സാമൂഹിക അകലം പാലിക്കാന്‍ ക്ലാസുകള്‍ 2 ബാച്ചുകള്‍ ആക്കി തിരിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി 5 മണിക്കൂര്‍ ക്ലാസ് നല്‍കണം.
ക്ലാസ് മുറികള്‍, ലാബ്, ഹോസ്റ്റല്‍ എന്നിവ വേഗം ശുചീകരിക്കണം. ഈ മാസം 28ന് അധ്യാപകര്‍ കോളജുകളില്‍ എത്തി ഇത് ഉറപ്പാക്കണം. 4 മുതല്‍ രണ്ട് ഷിഫ്റ്റുകളായിട്ടാകും കോളജുകള്‍ പ്രവര്‍ത്തിക്കുക. പകുതി കുട്ടികളെ മാത്രമാണ് ഒരേസമയം ക്ലാസില്‍ അനുവദിക്കുക. കോളേജ് പ്രിന്‍സിപ്പല്‍മാരും അധ്യാപകരും അധ്യാപകേതര ജീവനക്കാരും 28 മുതല്‍ കോളജില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.