തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ വ്യാഴാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. അദ്ദേഹം അശുപത്രിയില്‍ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി.എം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിന്റെ എംആര്‍ഐ എടുക്കണമെന്നാണ് നിര്‍ദേശം.
കോവിഡ് ഭേദമായതിന് ശേഷവും ആശുപത്രിയില്‍ തുടര്‍ന്ന സി.എം രവീന്ദ്രനോട് ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിദേശിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിവിട്ട് വീട്ടില്‍ ചികിത്സ തുടര്‍ന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമെന്ന വിലയിരുത്തലില്‍ ഇന്നലെ വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിനായി സിഎം രവീന്ദ്രന് ഇത് മൂന്നാംതവണയാണ് ഇ.ഡി നോട്ടീസ് നല്‍കുന്നത്. ആദ്യം നോട്ടീസ് നല്‍കിയ സമയത്താണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്. രണ്ടാമത് നല്‍കിയപ്പോള്‍ കോവിഡാനന്തര ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടശേഷം ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് രവീന്ദ്രന്‍ ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നാമതും നോട്ടീസ് നല്‍കിയത്.











