തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കോവിഡാനന്ത പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വീണ്ടും രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മറ്റന്നാള്‍ ഹാജരാകണമെന്ന് രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ സി.എം.രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങിയിരുന്നു. ഇതിനായി രവീന്ദ്രന് നോട്ടീസ് നൽകിയ സമയത്താണ് അദ്ദേഹം കോവിഡ് പോസീറ്റിവായി ക്വാറൻ്റൈനിൽ പോയത്. രണ്ടാഴ്ചയിലേറെ ക്വാറന്റൈനിൽ ഇരുന്ന രവീന്ദ്രൻ കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ നിരീക്ഷണവും പൂർത്തിയായ ശേഷമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ഇഡി വീണ്ടും നോട്ടീസ് നൽകിയത്.
ശിവശങ്കറിന്റെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന. കെ ഫോൺ, ടോറസ് തുടങ്ങിയ സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടും രവീന്ദ്രനിൽ നിന്നും ഇഡി വിവരം തേടിയേക്കും.