രാജ്യത്ത് സ്കൂളുകൾ കടുത്ത നിയന്ത്രണങ്ങളോടെ തുറക്കുന്നു. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ഒൻപത്, പന്ത്രണ്ടാം ക്ലാസുകളിൽ അധ്യയനം ഭാഗികമായി പുനരാരംഭിക്കുന്നതിന് അധ്യാപകരിൽ നിന്ന് മാർഗനിർദേശം തേടും. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഇതു സംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കി. ഈ മാസം 21 മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. മാസ്ക്ക്, ശാരീരിക അകലം പാലിക്കൽ, സാനിറ്റൈസർ തുടങ്ങിയവയെല്ലാം പാലിക്കണം.
വിദ്യാർഥികൾക്കിടയിൽ ആറടി ദൂരം നിലനിർത്തുക, ശ്വസന മര്യാദകൾ പാലിക്കുക, ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക, പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിക്കുക എന്നിവ ഉൾപ്പെടെയുള്ള മാർഗനിർദ്ദേശങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഓൺലൈൻ, വിദൂര പഠനം തുടർന്നും നടക്കുമെന്നും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും മാർഗനിർദ്ദേശങ്ങളിൽ പരാമർശിച്ചിരിക്കുന്നു.
ട്വിറ്ററിലൂടെയാണ് മന്ത്രാലയം സ്കൂൾ തുറക്കുന്നതിനെ കുറിച്ച് അറിയിച്ചത്.രാജ്യത്ത് കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സ്കൂളുകൾ ഉൾപ്പെടെ അടച്ചിട്ടത്. മാർച്ചിൽ സ്കൂളുകൾ അടച്ചതിന് ശേഷം അടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിച്ചത് ഓൺലൈനായിട്ടായിരുന്നു. രാജ്യം അൺലോക്ക് പ്രക്രിയയുടെ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ മെട്രോ സർവീസുകളടക്കം പ്രവർത്തിപ്പിക്കാൻ തീരുമാനമായി. ഇതിന് പിന്നാലെയാണ് സ്കൂളുകളും തുറക്കാൻ തീരുമാനമായത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെപ്പറ്റി ആശങ്കയിലാണ് ഭൂരിഭാഗം വരുന്ന രാജ്യത്തെ രക്ഷകര്‍ത്താക്കള്‍.