തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ി പ്രതിഷേധവുമായി സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 1.33 രൂപയും, ഡീസലിന് 2.10 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ – ഡീസല്‍ വില വര്‍ധനവിനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ എല്ലാ തൊഴിലാളികളോടും സിഐടിയു അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കോവിഡ് മഹാമാരി മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങളെ വലക്കുന്നതാണ് പെട്രോളിയം വില വര്‍ദ്ധനവ്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ അധികാരം ഉടന്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില 48 ഡോളറാണ്. നേരത്തെ ബാരലിന് 100 ഡോളറില്‍ കൂടുതല്‍ വിലയുണ്ടായിരുന്നപ്പോള്‍ രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 60 രൂപയില്‍ താഴെയായിരുന്നു. സ്വകാര്യ കുത്തക എണ്ണകമ്പനികളായ റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരമൊരുക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നയമാണ് പെട്രോള്‍ – ഡീസല്‍ വില കുത്തനെ വര്‍ദ്ധിക്കാനിടയാക്കിയത്.
പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവ് മോട്ടോര്‍ വ്യവസായത്തെ ഗുരുതരമായി ബാധിക്കും. കോവിഡ് ബാധയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മോട്ടോര്‍ വാഹന മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനവ്. ഓട്ടോറിക്ഷ -ടാക്‌സി തൊഴിലാളികള്‍ക്ക് താങ്ങാനാവാത്തതാണ് വിലവര്‍ദ്ധനവ്. തൊഴിലും വരുമാനവും നഷ്ടപ്പെട്ട മോട്ടോര്‍ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന പെട്രോള്‍ – ഡീസല്‍ വിലവര്‍ധന ഒട്ടും ന്യായീകരിക്കാനാവാത്തതാണ്.










