സംപൗളോ: ചൈനയുടെ കോവിഡ് വാക്‌സിന്‍ സിനോവാകിന്റെ ക്ലിനിക്കല്‍ ട്രയല്‍ ബ്രസീല്‍ താത്കലികമായി നിര്‍ത്തിവെച്ചു. ഗുരുതരമായ വിപരീത ഫലത്തെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തി വെക്കുന്നതെന്ന് ബ്രസീല്‍ ആരോഗ്യ റെഗുലേറ്റര്‍ അറിയിച്ചു. എന്നാല്‍ വിപരീത ഫലം എന്തെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കൊവിഡ് വാക്സിന്‍ 90 ശതമാനം ഫലപ്രദമെന്ന് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍ പ്രഖ്യാപിക്കുമ്പോഴാണ് ചൈനയുടെ കൊവിഡ് വാക്സിന് ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്.
ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, സിനോഫാം എന്നിവയാണ് വാക്‌സിനുകള്‍ വികസിപ്പിച്ചത്. അതേസമയം വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ബ്രസീല്‍ നിര്‍ത്തിവെച്ചതിനെതിരെ സിനോവാക് ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനോവാക് വാക്‌സിനെതിരെ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.


















