ബെയ്ജിങ്: ചൈനയിലെ ചെങ്ഡുവിലെ യുഎസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ അമേരിക്കയ്ക്ക് നിര്‍ദേശം നല്‍കി ചൈന. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രതികാര നടപടിയുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് കോണ്‍സുലേറ്റ് അടപ്പിച്ച അമേരിക്കയുടെ തെറ്റായ നടപടിയ്‌ക്കെതിരെ തിരിച്ചടിയ്ക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ നേരത്തെ പറഞ്ഞിരുന്നു. യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അമേരിക്കയുടെ തെറ്റായ നിയമ നടപടികളോടുളള നീതിപൂര്‍വ്വകവും അത്യാവശ്യവുമായ പ്രതികരണമാണ് ഇതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയും അമേരിക്കയും തമ്മിലുളള ബന്ധത്തിലെ നിലവിലെ സ്ഥിതി കാണാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നും ഇപ്പോഴത്തെ അവസ്ഥയ്ക്ക് അമേരിക്കയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം അമേരിക്കയുടെ തെറ്റായ തീരുമാനം പിന്‍വലിക്കാനും ഉഭയകക്ഷി ബന്ധം തിരികെ കൊണ്ടുവരുന്നതിനുളള ആവശ്യമായ വ്യവസ്ഥകള്‍ സൃഷ്ടിക്കണമെന്നും ചൈന പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക രാഷ്ട്രങ്ങള്‍ തമ്മിലുളള സംഘര്‍ഷങ്ങള്‍ നാടകീയമായി വര്‍ധിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇരുവരും പരസ്പരം തിരിച്ചടികള്‍ നടത്തി കൊണ്ടിരിക്കുന്നത്. തുല്യവും പരസ്പര പൂരകവുമായ നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ചാരവൃത്തി ആരോപിച്ചാണ് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അമേരിക്ക അടപ്പിച്ചത്. എന്നാല്‍ സാധാരണ ഗതിയിലാണ് കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചിരുന്നു. അമേരിക്കയ്ക്ക് പ്രതികാര നടപടി ഉണ്ടായിരിക്കുമെന്ന് അന്നേ ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.










