ചൈന പുനരുപയോഗ ശേഷിയുള്ള പരീക്ഷണ ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു. സെപ്തംബര്‍ നാലിനായിരുന്നു അതീവ രഹസ്യമായി ദൗത്യം നടത്തിയത്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ലോംഗ് മാര്‍ച്ച് -2 എഫ് കാരിയര്‍ റോക്കറ്റിലാണ് ബഹിരാകാശ പേടകം വിക്ഷേപിച്ചതെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി സിന്‍ഹുവയെ ഉദ്ധരിച്ച് റഷ്യന്‍ ടിവി (ആര്‍ടിവി) റിപ്പോര്‍ട്ട് ചെയ്യുന്നു.
നിഗൂഢാത്മകമായ ഹാര്‍ഡ്വെയര്‍ പറക്കല്‍വേളയില്‍ പുനരുപയോഗിക്കാവുന്ന സാങ്കേതികവിദ്യകള്‍ പരീക്ഷിക്കും. ഭ്രമണപഥത്തിലേറി നിശ്ചിത കാലയളവിനുശേഷം ബഹിരാകാശ പേടകം ചൈനയില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിടത്ത് തിരിച്ചിറങ്ങും. പരിക്രമണകാലമെത്രയെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. പദ്ധതിക്ക് സമാധാനപരമായ ലക്ഷ്യങ്ങളെന്ന് ഔദ്യോഗിക ദേശീയ മാധ്യമ ഏജന്‍സി വ്യക്തമാക്കി.
ബഹിരാകാശ ദൗത്യത്തിന്റെ രഹസ്യാത്മകത സൂക്ഷിക്കാന്‍ ചൈനീസ് അധികാരികള്‍ അതീവ ശ്രദ്ധ ചെലുത്തിയതായി ഹോങ്കോംഗ് ആസ്ഥാനമായ സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പിന്റെ പകര്‍പ്പ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുകയായിരുന്നു. പരീക്ഷണ വിക്ഷേപണം ചിത്രീകരിക്കുന്നതും ഓണ്‍ലൈനില്‍ ചര്‍ച്ച ചെയ്യുന്നതും നിരോധിച്ചിരിക്കുന്നുവെന്നതായിരുന്നു അറിയിപ്പ്. ജീവനക്കാരും അതിഥികളുമിത് കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു.
എല്ലാ യൂണിറ്റുകളും രഹസ്യങ്ങളുടെ ചോര്‍ച്ചയില്ലെന്ന് കര്‍ശനമായി ഉറപ്പുവരുത്തണം. ഇതിനായി ദൗത്യങ്ങളിലേര്‍ പ്പെട്ടിരിക്കുന്ന പേഴ്സണല്‍ സെക്യൂരിറ്റി ജീവനക്കാരെയും പേഴ്സണല്‍ മാനേജുമെന്റിനെയും ബോധവല്‍ക്കരിക്കണമെന്ന് അറിയിപ്പ് അടിവരയിടുന്നു. അറിയിപ്പിന്റെ ആധികാരികത സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് സൈനിക ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
ബഹിരാകാശ ദൗത്യം പൂര്‍ണമായും നവീനമാണ്. സാങ്കേതിക വിദ്യകളെല്ലാം ആദ്യമായാണ് ഉപയുക്തമാക്കപ്പെടുന്നത്. ബഹിരാകാശ പേടകം തീര്‍ത്തും അത്യന്താധുനികം. വിക്ഷേപണ രീതി വ്യത്യസ്തം. അതുകൊണ്ടാണ് പരീക്ഷണ വേളയില്‍ സൂക്ഷ്മതയാര്‍ന്ന സുരക്ഷ ഉറപ്പാക്കേണ്ടിവന്നത് – സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചൈനീസ് ബഹിരാകാശ പേടകത്തിന്റെ പേരുള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. യുഎസ് എക്‌സ് -37 ബി കാണുകയെന്ന ഉപദേശം മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.
പുനരുപയോഗിക്കാവുന്ന ബഹിരാകാശ സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിനായ് യുഎസ് സൈന്യം ബോയിംഗിന്റെ എക്‌സ് -3 അതെല്ലങ്കില്‍ ഓര്‍ബിറ്റല്‍ ടെസ്റ്റ് വെഹിക്കളാണ് (ഒടിവി) ഉപയോഗിക്കുന്നത്. ആളില്ലാ പേടകം റോക്കറ്റ് ഘടിപ്പിച്ച് ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തി പിന്നീട് ഭൂമിയില്‍ ബഹിരാകാശ വിമാനമെന്നോണം തിരിച്ചിറങ്ങും. എക്‌സ് -37 ബി 2010 മുതല്‍ ആറ് ദൗത്യങ്ങള്‍ നടത്തി. ഇതില്‍ മെയ് മാസത്തിലായിരുന്നു ഏറ്റവുമൊടുവിലത്തേത്.


















