ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കനക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ച്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം കോവിഡ് ഭേദമായവരുടെ പരിചരണത്തിനായി പുതിയ മാര്‍ഗരേഖ പുറത്തിറക്കാനും തീരുമാനമായി.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ മൂന്നാംഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ചയായേക്കും.
48,916 പോസീറ്റീവ് കേസുകളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. അതേസമയം മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ രോഗവ്യാപന തോത് മുന്‍പത്തേക്കാള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിനിടെ ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം കഴിഞ്ഞദിവസം എംയിംസില്‍ നടന്നു. 30 വയസുകാരനായ ഡല്‍ഹി സ്വദേശിയിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ഓഗസ്റ്റ് പതിനഞ്ചോടെ കോവാക്‌സിന്‍ തയ്യാറാക്കാനാണ് ഇന്ത്യയുടെ ശ്രമം.