കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധിപ്പിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിപകര്‍പ്പാണ് പുറത്തുവന്നത്.
‘2017 ല്‍ യുഎഇ കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയിരുന്നു. യുഎഇ കോണ്‍സലേറ്റുമായി സര്‍ക്കാരിനെ ബന്ധിപ്പിക്കുന്ന മുഖ്യകണ്ണി എം.ശിവശങ്കറായിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെയാണ് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്. തുടര്‍ന്ന് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശിവശങ്കറാണ് തന്നെ ബന്ധപ്പെട്ടിരുന്നത്. കോണ്‍സല്‍ സെക്രട്ടറി എന്ന നിലയിലായിരുന്നു തന്നെ വിളിച്ചത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താനും ശിവശങ്കറെ വിളിച്ചിരുന്നു’ – സ്വപ്ന സുരേഷ് നല്‍കിയ മൊഴിയിലെ പുറത്തുവന്ന ഭാഗം വ്യക്തമാക്കുന്നു.
അതേസമയം ശിവശങ്കറിന്റെ വിദേശയാത്രകളുമായി സംബന്ധിച്ച് കസ്റ്റംസ് വിശദ പരിശോധനകള്‍ ആരംഭിച്ചു. വിദേശയാത്രകളുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ ഹാജരാക്കാന്‍ ശിവശങ്കറോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ചോദ്യം ചെയ്യല്‍. നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് ശിവശങ്കറിന് കാര്യമായ അറിവില്ലായിരുന്നു എന്നാണ് കസ്റ്റംസിന്റെ ഇതുവരെയുള്ള നിഗമനം. എന്നാല്‍ കളളക്കടത്ത് പണം ഒളിപ്പിക്കുന്നതിനടക്കം ശിവശങ്കര്‍ സ്വപ്നയെ സഹായിച്ചോയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.











