തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതര്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്. 2017 മുതല്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടക്കുന്നു. എന്തുകൊണ്ട് മുഖ്യമന്ത്രി അറിഞ്ഞില്ല? എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രാ സംഘത്തില്‍ സ്വപ്‌ന ഉള്‍പ്പെട്ടത്?-ചെന്നിത്തല ചോദിച്ചു.
ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ പകര്‍പ്പ് നല്‍കുന്നില്ല. എട്ടുദിവസം മുന്‍പ് കത്ത് നല്‍കിയിട്ടും മറുപടിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. വടക്കഞ്ചേരിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് സുരക്ഷാപരിശോധന നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.
വിദേശഫണ്ട് വിവരങ്ങള്‍ പുറത്തുവിടണം. വിദേശപര്യടനം വഴി കിട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞ പദ്ധതികള്‍ എന്തായി? നിക്ഷേപങ്ങളുടെ വിവരങ്ങളും അവ വന്ന വഴിയും മുഖ്യമന്ത്രി വെളിപ്പെടുത്തണം. പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണ്. തൈലം പുരട്ടിയാലും മാറില്ലെന്ന് ചെന്നിത്തല പറഞ്ഞു.
നയതന്ത്ര ബാഗേജ് സംബന്ധിച്ച ഫയലുകള്‍ നശിപ്പിച്ചോ എന്ന് സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. മുന്‍പ്രോട്ടോക്കോള്‍ ഓഫീസറെ ചോദ്യം ചെയ്യണം. മതഗ്രന്ഥങ്ങളടങ്ങിയ പായ്ക്കറ്റുകള്‍ എങ്ങനെ റിലീസ് ചെയ്‌തെന്ന് കെ.ടി ജലീല്‍ പറയണമെന്ന് ചെന്നിത്തല പറഞ്ഞു.











