തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവിച്ചത് മനസില്‍ ചിന്തിക്കാത്ത പരാമര്‍ശമാണെന്നും വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിലെ ‘ഡി.വൈ.എഫ്.ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതിവച്ചിട്ടുണ്ടോ’ എന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചത്.
https://www.facebook.com/rameshchennithala/posts/3481113668613781
വിദൂരമായി പോലും മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് മനസിലായെന്നും അത്തരം പരാമര്‍ശം ഒരിക്കലും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന രാഷ്ട്രീയ ബോധ്യത്തിലാണ് താന്‍ ഇത്രയുംകാലം പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം സര്‍ക്കാര്‍ സംവിധാനത്തില്‍ സംഭവിച്ച ഗുരുതര പിഴവിന്റെ ഫലമാണ് കേരളത്തില്‍ രണ്ട് യുവതികള്‍ പീഡനത്തിന് ഇരയായതെന്നും ആംബലന്‍സ്, ഭരതന്നൂര്‍ പീഡനങ്ങളുടെ ഉത്തരവാദിത്വം ആരോഗ്യ വകുപ്പിനാണെന്നും ചെന്നിത്തല ആരോപിച്ചു. കോവിഡ് പ്രതിരോധത്തിലെ ഈ വീഴ്ചകള്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.