തിരുവനന്തപുരം: ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അഞ്ചാം പ്രതിയായതോടെ ഒന്നാംപ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് തെളിഞ്ഞിരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്നത് വന്‍ കൊള്ളയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുമായി നടന്നത് വന്‍ അഴിമതിയാണെന്ന് ഇതോടെ ജനങ്ങള്‍ക്ക് ബോധ്യമായതായി. കോടികളുടെ ഈ അഴിമതിയൊന്നും മുഖ്യമന്ത്രി അറിയാതെ നടക്കില്ല. ഇതൊന്നും മറച്ചുവെക്കാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല. അതുകൊണ്ട് സിബിഐ അന്വേഷണം എതിര്‍ക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.
സര്‍ക്കാരിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും കോണ്‍സുലേറ്റും ഏജന്‍സിയും തമ്മിലാണ് ബന്ധമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് എംഒയു ഒപ്പിട്ടത്. അപ്പോള്‍ സര്‍ക്കാരിന് ബന്ധമില്ലന്ന വാദം നില നില്‍ക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.