സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും. കോടിയേരി രാജിവെക്കരുത്, പാര്‍ട്ടി സെക്രട്ടറിയായി തന്നെ തുടരുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ ലഹരിക്കച്ചവടം നടക്കുന്നു.സ്വര്‍ണക്കടത്ത് കേസും ലഹരിമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ട്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്നുള്ള കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടിയും സര്‍ക്കാരും കസ്റ്റഡിയിലാണ്. കേരളീയര്‍ക്ക് അപമാനം കൊണ്ട് തലതാഴ്‌ത്തേണ്ട സ്ഥിതിയാണ്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
ബംഗളൂരു ലഹരിമരുന്ന് കേസില്‍ രാവിലെ മുതല്‍ ചോദ്യം ചെയ്ത ശേഷമാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. ബിനീഷിനെ കോടതിയില്‍ നിന്നും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയേക്കും.












