ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കോവിഡ് സ്ഥിരീകരിച്ച എല്ലാ താരങ്ങളുടേയും ജീവനക്കാരുടേയും പരിശോധനാഫലം നെഗറ്റീവായി. സപ്പോര്‍ട്ടിങ് സ്റ്റാഫിന് പുറമെ കായിക താരങ്ങളായ ദീപക് ചഹാറിനും ഋതുരാജ് ഗെയ്ക്‌വാദിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആയത് ടീമിന് ആശ്വാസം പകരുന്നതാണ്.
സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന പരിശോധനാ ഫലവും നെഗറ്റീവായാല്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ ടീമിന് പരിശീലനത്തിനിറങ്ങാം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിദേശ താരങ്ങളായ ഡു പ്ലെസ്സി, ലുങ്കി എന്‍ഗിഡി എന്നിവര്‍ കഴിഞ്ഞ ദിവസം ദുബായില്‍ എത്തി ക്വാറന്റൈന്‍ ആരംഭിച്ചു.
അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന ദുബായില്‍ നിന്ന് മടങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണ താരം ഐപിഎല്‍ കളിക്കില്ലെന്ന് ക്ലബ് അറിയിച്ചിരുന്നു.