തിരുവനന്തപുരം: സാധരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു അന്തരിച്ച സി എഫ് തോമസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയത്തില്‍ അല്‍പ്പം പോലും കറപുരളാത്ത സംശുദ്ധ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കേരളാ രാഷ്ട്രീയത്തിലും, യു.ഡി.എഫ് രാഷ്ട്രീയത്തിലും തലയെടുപ്പോടെ നിന്ന നേതാവായിരുന്നു സി എഫ് തോമസ്. നാല് തവണ കോട്ടയത്ത് നിന്ന് പാര്‍ലമെന്റിലേക്ക് താന്‍ മല്‍സരിച്ചപ്പോഴും തന്നെ വിജയിപ്പിക്കാന്‍വേണ്ടി അഹോരാത്രം അധ്വാനിച്ച നേതാവാണ് സി എഫ് തോമസ് എന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.
ചങ്ങനാശേരി എന്‍ എസ് എസ് കോളജില്‍ താന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ അദ്ദേഹവുമായി ആത്മബന്ധമുണ്ടായിരുന്നു. ഒമ്പത് തവണ ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലെത്തുകയും അവിടുത്തെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്തയാളാണ് സി എഫ് തോമസ്. ചങ്ങനാശേരിയിലെ ജനങ്ങളെക്കഴിഞ്ഞേ അദ്ദേഹത്തിന് തന്റെ ജീവിതത്തില്‍ എന്തുമുണ്ടായിരുന്നുള്ളു. സി എഫ് തോമസിന്റെ നിര്യാണത്തോടെ അതുല്യനായ ജനനേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.