ബീഹാര്‍: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബീഹാറിലേക്ക് പ്രത്യേക സംഘത്തെ അയക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ പിന്തുണ നല്‍കുന്നതിനുമാണ് പ്രത്യേക സംഘത്തെ അയക്കുന്നത്.
ബീഹാറിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ എത്തുന്ന സംഘം സംസ്ഥാനത്തെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍, എന്‍സിഡിസി ഡയറക്ടര്‍ ഡോ.എസ്.കെ സിംഗ്, എയിംസ് പ്രൊഫസര്‍ ഡോ.നീരജ് നിശ്ചല്‍ എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്.
എത്രയും പെട്ടന്ന് സംഘം ബീഹാറില്‍ എത്തുകയും സംസ്ഥാനത്തെ ആരോഗ്യവകുപ്പുമായി കൂടിക്കാഴ്ച്ച നടത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.