ന്യൂഡല്‍ഹി: സമരത്തിന് പിന്തുണയുമായി കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തുന്നത് തടയാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയിലെത്തുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ഇതിനായി പഞ്ചാബ് മെയില്‍ റോത്തക്കില്‍ നിന്ന് റെവാഡിയിലേക്ക് വഴിതിരിച്ച് വിട്ടു.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ വിവാദ കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. ശനിയാഴ്ച രാജ്യ വ്യാപകമായി റോഡുകള്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണിവരെ സംസ്ഥാന-ദേശീയ പാതകള്‍ തടയും. സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഈ പ്രതിഷേധമെന്ന് സമരക്കാര്‍ അറിയിച്ചു.
റിപബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം പ്രഖ്യാപിക്കുന്ന ആദ്യത്തെ പ്രത്യക്ഷ സമര പരിപാടി ആണ് ഇത്. കര്‍ഷക സമരം അറുപത്തി ഒന്‍പതാം ദിവസം കടക്കുമ്പോഴും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ ഒരടിപോലും പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സമൂഹം.