കോവിഡ് കാലത്ത് ആരോഗ്യ സംരക്ഷണത്തിന് പ്രതിരോധ കുത്തിവെപ്പും ബൂസ്റ്റര്‍ ഡോസും നല്‍കുന്നതിനൊപ്പം രാജ്യത്തെ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും കമ്പനികള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമേകാന്‍ വായ്പാ തിരിച്ചടവുകള്‍ക്ക് ഇളവുകള്‍ നല്‍കുന്നത് ബഹ്‌റൈന്‍ ഭരണകൂടം തുടരുന്നു.
മനാമ ബാങ്കുകളില്‍ നിന്നോ ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ എടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തിരിച്ചടവുകള്‍ക്ക് ഇളവു നല്‍കുന്നത് ഒമിക്രോണ്‍ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടരുമെന്ന് ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
അടുത്ത ആറുമാസത്തേക്ക് കൂടി തിരിച്ചടവുകള്‍ക്ക് ഇളവു നല്‍കുന്ന സര്‍ക്കുലര്‍ സെന്‍ട്രല്‍ ബാങ്ക്. പുതിയ സര്‍ക്കുലര്‍ പ്രകാരം 2022 ജൂണ്‍ 30 വരെ ഇളവുകള്‍ ബാധകാമണ്. 2021 ഡിസംബര്‍ 31 വരെ ഉണ്ടായിരുന്ന ഇളവുകള്‍ ആറു മാസത്തേക്ക് കൂടി നീട്ടുകയാണുണ്ടായത്.
കോവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരാത്തതിനാലും തൊഴില്‍ നഷ്ടവും ശമ്പളക്കുറവുകളുണ്ടായത് തുടരുന്നതുമായ സാഹചര്യത്തിലാണ് ബഹ്‌റൈന്‍ ഭരണകൂടം ഈ നിലപാട് കൈകൊണ്ടത്.
സാമ്പത്തിക മേഖലയെ കോവിഡ് പ്രതിസന്ധി പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് വായ്പകളുടെ തിരിച്ചടവ് നീട്ടിവെയ്ക്കാന്‍ സെന്‍ട്രല്‍ ബാങ്ക് നേരത്തെ തീരുമാനമെടുത്തത്.
ഈ നിലപാടിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ജീവിതം സുഗമമായി തന്നെ മുന്നോട്ട് കൊണ്ടുപോകാനും പണം ചെലവിടാനുമുള്ള സാഹചര്യം നിലനിര്‍ത്തുകയായിരുന്നു.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണ് ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഇതര ബാങ്കുകള്‍ക്കും ധനസ്ഥാപനങ്ങള്‍ക്കും വായ്പാ തിരിച്ചടവ് നീട്ടിവെയ്ക്കുന്നതിനുള്ള സര്‍ക്കുലര്‍ അയച്ചത്.
വായ്പാ തിരിച്ചടവ് നീട്ടിവെയ്ക്കാന്‍ അനുമതി നല്‍കുന്നതു മൂലം പിഴപലിശകളോ, അധിക ചാര്‍ജുകളോ ഈടാക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും സെന്‍ട്രല്‍ ബാങ്ക് ഇതര റീട്ടെയില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.