ന്യൂഡല്‍ഹി: രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി വയ്ക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ സുപ്രീംകോടതി പുറത്തിറക്കും. കസ്റ്റഡി പീഡനങ്ങള്‍ തടയുന്നതിനാണ് നടപടി. പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസമെങ്കിലും സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം സ്വകാര്യത സംരക്ഷിച്ചുകൊണ്ട് വേണം ക്യാമറകള്‍ സ്ഥാപിക്കേണ്ടതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കസ്റ്റഡി പീഡനം തടയുന്നതിന് രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ വയ്ക്കണമെന്ന് 2018ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഇതു പ്രകാരം ഏതൊക്കെ പോലീസ് സ്റ്റേഷനുകളില്‍ എവിടെയൊക്കെ എത്രയൊക്കെ സിസിടിവികള്‍ വെച്ചു എന്നറിയിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകളോടും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും കൃത്യമായ മറുപടി സുപ്രീംകോടതിക്ക് നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് മാര്‍ഗ്ഗരേഖ പുറത്തിറക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.











