ന്യൂഡല്‍ഹി: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ് യോഗി സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. ഹത്രാസ് സംഭവത്തില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനമായത്.
പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ സംസ്‌കരിച്ചതും കുടുംബാംഗങ്ങളെ വീട്ടുതടങ്കലില്‍ ആക്കിയതും ഉള്‍പ്പെടെയുള്ള യുപി പോലീസിന്റെ നടപടി പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചാ വിഷയമായിരുന്നു.
അതേസമയം ഹത്രാസ് കേസില്‍ സിബിഐ അന്വേഷണമല്ല പകരം കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യവുമായി ദളിത് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. കേസ് പ്രത്യേക സംഘം അന്വേഷിച്ചാല്‍ മാത്രമെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂ എന്ന് ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബം നിര്‍ദേശിക്കുന്ന രണ്ട് പേരെങ്കിലും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടണം എന്നും ആവശ്യം ഉയര്‍ന്നിരുന്നു.












