സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് മുഖ്യമന്ത്രി നെറികേടിന്റെ രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ പറഞ്ഞു. ഇടതു മുന്നണി സോളാര്‍ വിഷയത്തില്‍ വലിയ പ്രക്ഷോഭം നടത്തിയവരാണ്. അവരുടെ നിര്‍ദ്ദേശ പ്രകാരമാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. എന്നാല്‍ ഒരു തെളിവും കണ്ടെത്താന്‍ കമ്മീഷന് കഴിഞ്ഞില്ല.
ഇതിന് പുറമെ ഡിജിപി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയും പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്ത കേസാണ് ഇപ്പോള്‍ മുഖ്യമന്ത്രി സിബിഐയ്ക്ക് വിട്ടത്.രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാന്‍ കഴിയാത്ത മുഖ്യമന്ത്രി കേരളം കണ്ട ഏറ്റവും വലിയ ഭീരുവാണ്.അധികാരം നിലനിര്‍ത്താന്‍ എന്തു വൃത്തികേടും ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നത് ഭരണം നഷ്ടമായാല്‍ ജയിലിലേക്ക് പോകേണ്ടിവരുമെന്ന തിരിച്ചറിവാണ്.കേരളീയ സമൂഹം ഇതെല്ലാം നോക്കി കാണുന്നുണ്ട്. ഇതിന് ശക്തമായ തിരിച്ചടി ജനം നല്‍കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.