ന്യൂഡല്‍ഹി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഒരു കേസില്‍ കൂടി പ്രതിയാക്കി ഉത്തര്‍പ്രദേശ് പോലീസ്. ഹത്രാസിലെ കലാപ ശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെയും ഒപ്പം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്തത്.
ഒക്ടോബര്‍ നാലാം തീയതി രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെ പ്രതിയാക്കിയത്. എന്നാല്‍, അഞ്ചാം തീയതിയാണ് സിദ്ദിഖ് കാപ്പന്‍ ഹത്രാസിലേക്ക് പോയത്. മഥുരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമെയാണിത്. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രാസിലേക്ക് പോകും വഴി കരുതല്‍ നടപടി എന്ന നിലയ്ക്കാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പനെ കസ്റ്റഡിയില്‍ എടുത്തതിനെതിരെ കെയുഡബ്ല്യൂജെ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ജാമ്യത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. സുപ്രീംകോടതിയിലെ കേസ് നിലനിര്‍ത്തിയാണ് അലഹാബാദ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയനോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.