തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കര്‍. നോട്ടീസിന് ഉടന്‍ നറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തുന്നതിന് മുന്‍പ് മാധ്യമങ്ങളില്‍ എത്തിയത് സഭയോടുള്ള അവഹേളനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംഎല്‍എമാരാണ് പരാതി നല്‍കിയത്.
ഗവര്‍ണര്‍ക്ക് അയക്കേണ്ട സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നും മാധ്യമങ്ങളിലടക്കം അതിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതരമായ ചട്ടലംഘനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സഭയുടെ പ്രത്യേക അവകാശങ്ങള്‍ ഹനിച്ച മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണുമാണ് എംഎല്‍എ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
നേരത്തെ നിയമസഭ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മറ്റി യോഗത്തില്‍ ഈ നോട്ടീസ് പരിഗണിക്കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ലൈഫ്മിഷന്‍ പദ്ധതിയുടെ ഫയലുകള്‍ വിളിച്ച് വരുത്തിയ നടപടിക്കെതിരെ ജയിംസ് മാത്യു എംഎല്‍എ നല്‍കിയ അവകാശ ലംഘന നോട്ടീസില്‍ ഇ.ഡിയോട് എത്തിക്‌സ് കമ്മിറ്റി വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ഇ.ഡിയോട് വിശദീകരണം തേടാന്‍ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍ സമിതിക്ക് മുന്നിലെത്തുന്നതിന് മുന്‍പ് ഇഡിയുടെ മറുപടി മാധ്യമങ്ങളില്‍ വന്നുവെന്നും ഇത് ചട്ടലംഘനമെന്നും എത്തിക്‌സ് കമ്മിറ്റി വിലയിരുത്തി.
ഏത് പദ്ധതിയുടെയും ഫയലുകള്‍ ആവശ്യപ്പെടാന്‍ അധികാരമുണ്ടെന്നായിരുന്നു ഇ.ഡി നല്‍കിയ മറുപടി. നിയമസഭയുടെ ഒരു അധികാരവും എന്‍ഫോഴ്‌സ്‌മെന്റ് ലംഘിച്ചിട്ടില്ലെന്നും ഇ.ഡി വിശദീകരിച്ചിട്ടുണ്ട്. ഈ വിശദീകരണം പരിശോധിക്കാതെ ചര്‍ച്ച ചോര്‍ച്ചയിലേക്ക് മാറ്റിയതിനെ സമതിയിലെ പ്രതിപക്ഷാംഗങ്ങളായ അനൂപ് ജേക്കബും വി.എസ് ശിവകുമാറും എതിര്‍ക്കുകയും ചെയ്തു.











