ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പില്‍ ഹാജരാകേണ്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സി.പി.ഐ.എമ്മിന്റെയും എല്ലാ രഹസ്യങ്ങളും അറിയുന്ന അദ്ദേഹത്തിന് വേണ്ട സുരക്ഷ ഒരുക്കണമെന്നും ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ നാലരവര്‍ഷക്കാലമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത്. ഈ അഴിമതികളെ പറ്റി എല്ലാം അറിയുന്ന രണ്ട് പേരാണ് സി.എം രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തും. സി.എം രവീന്ദ്രനെ ദേശീയ ഏജന്‍സികള്‍ ചോദ്യം ചെയ്താല്‍ പല രഹസ്യങ്ങളും പുറത്താകും. അത് സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ബാധിക്കും. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. രവീന്ദ്രന്‍ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നാണ് മനസിലാക്കാനാവുന്നത്. അദ്ദേഹത്തിന്റെ കൊവിഡ് റിസല്‍ട്ടിന്റെ കാര്യത്തില്‍ തന്നെ ചില സംശയങ്ങളുണ്ട്. പൊതുജനങ്ങളും മാദ്ധ്യമങ്ങളും ഈ കാര്യത്തില്‍ ജാഗ്രത കാണിക്കണം. സി.പി.എമ്മും മുഖ്യമന്ത്രിയും എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മയക്കുമരുന്ന്- കള്ളപ്പണ കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പ്രതിയായതോടെ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അവസ്ഥ പരിതാപകരമായി കഴിഞ്ഞു. യു.ഡി.എഫിന്റെ എം.എല്‍.എ ജയിലിലാവുകയും പല നേതാക്കളുടെയും അഴിമതി പുറത്തുവരുകയും ചെയ്തതോടെ ഭരണപക്ഷവും പ്രതിപക്ഷവും സമാന സ്വഭാവമുള്ള മുന്നണികളായി മാറി. സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെക്രട്ടറിയേറ്റിലെ പ്രൊട്ടോകോള്‍ വിഭാഗത്തിലെ തീവെപ്പ് സംഭവത്തിലെ ഫോറന്‍സിക് പരിശോധനഫലം മുഖ്യമന്ത്രി അട്ടിമറിക്കുകയാണ്. ഫോറന്‍സിക് പരിശോധന ശാസ്ത്രീയമല്ലെങ്കില്‍ പിന്നെ എന്ത് പരിശോധനയാണ് നടത്തേണ്ടത് ലോകം മുഴുവന്‍ അംഗീകരിച്ച ശാസ്ത്രീയമായ അന്വേഷണ സംവിധാനത്തെ തള്ളുന്നത് തീവെപ്പ് കേസില്‍ നിന്നും രക്ഷപ്പെടാനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പ്രധാനമന്ത്രിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ബീഹാറിലെയും രാജ്യമാകെ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും ഫലം തെളിയിക്കുന്നത്. കൊവിഡ് കാലത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമനയങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ജാതി രാഷ്ട്രീയത്തെ മറികടന്ന് ബി.ജെ.പിക്ക് വന്‍ നേട്ടമുണ്ടാക്കി കൊടുത്തത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലും ബംഗാളിലും ബി.ജെ.പി ഭരണം നേടും. തദ്ദേശ തിരഞ്ഞെടുപ്പ് അതിനുള്ള അടിത്തറ പാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

















