തിരുവനന്തപുരം: ഉടമ സമര്‍പ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രൂപരേഖയുടെ അടിസ്ഥാനത്തില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് മന്ത്രിസഭാ തീരുമാനം. കെട്ടിടനിര്‍മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്- മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
സ്ഥലം ഉടമയുടെയും പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി വരുന്നത്. പ്ലാന്‍ ലഭിച്ചുകഴിഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം കൈപ്പറ്റ് സാക്ഷ്യപത്രം നല്‍കണം. ഈ രേഖ നിര്‍മാണ പെര്‍മിറ്റായും കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിനുള്ള അനുവാദമായും കണക്കാക്കുന്ന വ്യവസ്ഥകള്‍ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വയം സാക്ഷ്യപ്പെടുത്തല്‍ പത്രം നല്‍കുന്ന ഉടമയോ ലൈസന്‍സിയോ നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ പിഴ ചുമത്താനും ലൈസന്‍സിയുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദിഷ്ട നിയമത്തില്‍ വ്യവസ്ഥയുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും നഗര പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും തൊഴിലെടുക്കുന്നവരുടെ ക്ഷേമത്തിന് ക്ഷേമനിധി രൂപീകരിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ച മന്ത്രിസഭ ഇതു സംബന്ധിച്ച കരട് ബില്‍ അംഗീകരിക്കുകയും ചെയ്തു.
നിലവിലുള്ള മുഴുവന്‍ സംരക്ഷിത അധ്യാപകരെയും എയ്ഡഡ് സ്‌കൂളുകളില്‍ പുനര്‍വിന്യസിച്ച് സംരക്ഷണം നല്‍കുന്നതിനുള്ള നിബന്ധനകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം വീതം അരി കിലോഗ്രാമിന് 15 രൂപ നിരക്കില്‍ വിതരണം ചെയ്യും. വയനാട് ജില്ലയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് സ്ഥാപിക്കുന്നതിന് വാരിയാട് എസ്റ്റേറ്റിലെ (ചെമ്പ്രാ പീക്ക്) 102.6 ഏക്ര ഭൂമി ഏറ്റെടുക്കും. മാഞ്ഞൂര്‍ (കോട്ടയം) വളവുപച്ച / ചിതറ (കൊല്ലം റൂറല്‍) പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 36 തസ്തികകള്‍ വീതം (ആകെ 72) സൃഷ്ടിക്കും. സി-ഡിറ്റിലെ താല്‍ക്കാലിക തസ്തികകളില്‍ പത്തു വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 114 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും. നിയമസഭാ സമ്മേളന കാലാവധി അവസാനിച്ചതിനാല്‍ നിലവിലുള്ള 25 ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നത് ഉള്‍പ്പെടെ നിരവധി തീരുമാനങ്ങളാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ടത്.











