ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലെ പ്രത്യേക അതിഥിയായാണ് ബോറിസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
അതിതീവ്ര കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് വരാന്‍ പറ്റില്ലെന്ന കാര്യം ബോറിസ് ഫോണില്‍ വിളിച്ച് അറിയിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.
ഫെബ്രുവരി പകുതി വരെയാണ് ബ്രിട്ടണില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. രാജ്യത്തെ എല്ലാ സ്‌കൂളുകളും അടച്ചിടും. ഒറ്റ ദിവസം കൊണ്ട് അരലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമാണ് നിലവിലുളളത്. ദിനംപ്രതി അഞ്ഞൂറോളം പേര്‍ മരിക്കുകയും ചെയ്യുന്നു.
ജനിതകമാറ്റം സംഭവിച്ച് അതിവേഗം പടരുന്ന കോവിഡ് വൈറസ് ബ്രിട്ടനില്‍ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്തെ ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ലോക്ക്ഡോണ്‍ പ്രഖ്യാപിക്കവെ ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു.