റിയാദ് : ആരോഗ്യരംഗത്തെ വിദേശികളായ ജീവനക്കാരുടെ വാര്‍ഷിക ബോണസ് വിതരണം ചെയ്യുന്നത് ഉടന്‍ പുനരാരംഭിക്കും. ഗവണ്‍മെന്റിന്റെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ബോണസ് പുനരാരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തൊഴില്‍ പ്രകടനമടക്കം അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ച് ജനുവരി ഒന്നുമുതല്‍ ആണ് ബോണസ് അനുവദിക്കുക. മുന്‍കാലപ്രാബല്യം ഇല്ലാതെ ജനുവരി ഒന്നുമുതല്‍ വിദേശികള്‍ക്കുള്ള ബോണസ് വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സിവില്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് നിയമാവലിയുടെ റെഗുലേറ്ററി ചട്ടക്കൂടില്‍ അടങ്ങിയിരിക്കുന്ന, ഫുള്‍ടൈം തൊഴില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള കരാര്‍ ഫോമിലെ ആര്‍ട്ടിക്കിള്‍14 അനുസരിച്ചാണ് വിദേശ ജീവനക്കാര്‍ക്ക് വാര്‍ഷിക ബോണസ് നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ അല്‍ ഈബാന്‍ പുറത്തിറക്കി.


















