തിരുവനന്തപുരം: ബിജെപിയിലെ ഭിന്നതയില്‍ കെ. സുരേന്ദ്രനെ കടന്നാക്രമിക്കാനാണ് വി.മുരളീധര വിരുദ്ധ ചേരിയുടെ നീക്കം. നാളെ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെ. സുരേന്ദ്രനെതിരായ പരാതികള്‍ ഉന്നയിക്കും. അതേസമയം പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വവും ശ്രമമാരംഭിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് നാളെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്. കെ. സുരേന്ദ്രനെതിരായ പരാതികള്‍ ഉന്നയിക്കാന്‍ വി. മുരളീധര വിരുദ്ധ ചേരി തീരുമാനമെടുത്തതായാണ് വിവരം. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ ശോഭാ സുരേന്ദ്രനുമായി സി.പി രാധാകൃഷ്ണന്‍ സംസാരിച്ചേക്കും.പാര്‍ട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്ന ശേഷമുള്ള ആദ്യ യോഗമാണ് നാളത്തേത്.
അതേസമയം ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അവ്യക്തത തുടരുകയാണ്. ഇതിനിടെ വിമതസ്വരം ഉയര്‍ത്തിയവരെ പ്രതിരോധിക്കാന്‍ വി.മുരളീധര പക്ഷവും തയാറെടുത്തു കഴിഞ്ഞു. നിര്‍ണായക ഘട്ടത്തില്‍ ഇവര്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിക്കും. ഇരുവിഭാഗത്തിന്റെയും അഭിപ്രായങ്ങള്‍ കേട്ട ശേഷം കേന്ദ്ര നേതൃത്വത്തെ സി.പി രാധാകൃഷ്ണന്‍ കാര്യങ്ങള്‍ ധരിപ്പിക്കും.