ആറ്റിങ്ങല്‍: നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെ ആറ്റിങ്ങള്‍ നഗരസഭയില്‍ ബഹളം. തെരഞ്ഞെടുപ്പിന് വൈകിയെത്തിയ ബിജെപി കൗണ്‍സിലറെ പുറത്താക്കിയതോടെയാണ് ബഹളം ആയത്. ബിജെപി കൗണ്‍സിലര്‍ സുജിയെയാണ് വരണാധികാരി പുറത്താക്കിയത്.
തെരഞ്ഞെടുപ്പിനായി പതിനൊന്ന് മണിക്ക് കൗണ്‍സില്‍ ഹാളില്‍ എത്തണമെന്നായിരുന്നു മുമ്പ് നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ബിജെപി കൗണ്‍സിലര്‍ വൈകിയാണ് എത്തിയത്. ഇതോടെ യുഡിഎഫ് എല്‍ഡിഎഫ് അംഗങ്ങള്‍ പരാതി ഉന്നയിക്കുകയും ഇതിന് പിന്നാലെ ഇവരെ വരണാധികാരി പുറത്താക്കുകയായിരുന്നു. ഇതോടെയാണ് ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും ബഹളം ഉണ്ടാക്കിയത്. അതേസമയം ആറ്റിങ്ങല്‍ നഗരസഭയില്‍ സിപിഎമ്മിന്റെ എസ്. കുമാരി രണ്ടാം തവണയും നഗരസഭ അധ്യക്ഷയായി. ആറ്റിങ്ങലില്‍ എല്‍ഡിഎഫിന് 18 സീറ്റാണ് ഉളളത്. സിപിഎമ്മിന്റെ തുളസീധരന്‍ പിള്ളയാണ് ഉപാധ്യക്ഷന്‍.











