ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കശ്മീരിലെ ബിജെപി ഘടകം. ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന്റെ പതാക പുനസ്ഥാപിക്കാതെ താന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തില്ലെന്ന പരാമര്‍ശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.
ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മുഫ്തി പറഞ്ഞു. “എന്റെ പതാക എന്റെ മുന്നിലുണ്ട്. ഈ പതാക ഞങ്ങള്‍ക്ക് പുനഃസ്ഥാപിച്ചു നല്‍കുമ്പോള്‍, ഞങ്ങള്‍ മറ്റ് പതാകയും ഉയര്‍ത്തും. അത് സംഭവിക്കുന്നതുവരെ മറ്റൊരു പതാകയും ഞങ്ങള്‍ കൈയില്‍ പിടിക്കുകയില്ല. ആ പതാകയുമായുള്ള ഞങ്ങളുടെ ബന്ധം രൂപീകരിക്കപ്പെട്ടത് ഈ പതാകയിലൂടെയാണ്.” മെഹ്ബൂബ മുഫ്തി മാധ്യമങ്ങളോട് പറഞ്ഞു.
മെഹബൂബ മുഫ്തിയുടെ പരാമര്‍ശത്തെ എതിര്‍ത്ത ബിജെപി അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടക്കണമെന്ന് ആവശ്യപ്പെട്ടു. കശ്മീരിലെ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റൈനയാണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. കശ്മീരി നേതാക്കള്‍ക്ക് ഇന്ത്യ സുരക്ഷിതമല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നു പറഞ്ഞ റൈന, രാഷ്ട്രീയ നീക്കങ്ങളുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശമെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഭീഷണി മുഴക്കി.










