ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ നാലാം ദിവസും ഇഡി ഓഫീസില്‍ എത്തിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും താന്‍ അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു.
അതേസമയം ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.
ബിനീഷിനെ കാണാന്‍ അനുവദിക്കാത്ത ഇഡി നടപടി ബിനീഷിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും. ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന് സംശയിക്കുന്നതായി കഴിഞ്ഞ ദിവസം അഭിഭാഷകര്‍ പറഞ്ഞിരുന്നു. ബിനീഷിന്റെ ആരോഗ്യ വിവരങ്ങള്‍ ഇഡി നല്‍കുന്നില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയിച്ചില്ലെന്നും അഭിഭാഷകന്‍ രഞ്ജിത്ത് ശങ്കര്‍ ആരോപിച്ചിരുന്നു.
ചെയ്യാത്ത കാര്യങ്ങള്‍ ചെയ്‌തെന്ന് സമ്മതിപ്പിക്കാന്‍ ഇഡി ശ്രമിക്കുന്നതായി ബിനീഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കസ്റ്റഡിയില്‍ പീഡനമേറ്റെന്ന ബിനീഷിന്റെ പരാതിയും അഭിഭാഷകര്‍ കോടതിയെ അറിയിക്കും.
അതേസമയം അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ നല്‍കും. കേന്ദ്ര ഏജന്‍സിയായിട്ടുള്ള എന്‍സിബിയും ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടിടേക്കുമെന്നാണ് സൂചന.











