തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിനെതിരെ ഇ.ഡി ഡയറക്ടര്‍ക്ക് ബിനീഷ് കോടിയേരിയുടെ കുടുംബത്തിന്റെ പരാതി. ബിനീഷിന്റെ ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. വ്യാജരേഖകളില്‍ ഒപ്പിടാന്‍ പ്രേരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ബിനീഷിന്റെ ഭാര്യ പിതാവാണ് എന്‍ഫോഴ്‌സ്‌മെന്റിന് കത്തയച്ചത്.
അതേസമയം, ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഇ.ഡിയോട് പോലീസ് വിശദീകരണം തേടി. നേരിട്ട് ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാത്തതിനാല്‍ പോലീസ് മെയില്‍ അയച്ചു.മൊബൈല്‍ ഫോണടക്കം പിടിച്ച് വാങ്ങി കുടുംബത്തെ അനധികൃതമായി തടവിലാക്കിയതിനെതിരെ റെനീറ്റയുടെ പിതാവ് പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയതോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് അവസാനിപ്പിച്ച് മടങ്ങാനിറങ്ങിയത്. ഗേറ്റിന് പുറത്തുവെന്ന് ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു. വിവരങ്ങള്‍ വിശദമായി തരാമെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുക മാത്രമാണ് ചെയ്തത്. തുടര്‍ന്നാണ് മെയിലില്‍ നോട്ടീസ് അയച്ചത്.
25 മണിക്കൂറോളം നീണ്ട റെയ്ഡാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്നത്. ബിനീഷിന്റെ ഭാര്യ, രണ്ടര വയസുള്ള കുഞ്ഞ്, ഭാര്യാ മാതാവ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന കാര്‍ഡ് കണ്ടെടുത്തുവെന്ന് സമ്മതിച്ച് ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയതായി ബിനീഷിന്റെ ഭാര്യ റെനീറ്റ പറഞ്ഞു.
അതേസമയം, എന്‍ഫോഴ്‌സ്‌മെന്റിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി. വീട്ടിലെ റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ബിനീഷിന്റെ പ്രതികരണം. കോടതി നിര്‍ദേശപ്രകാരം ബിനീഷിനെ ആരോഗ്യപരിശോധന്ക്ക് വിധേയനാക്കും.