പാട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മഹാസഖ്യത്തിനുള്ളിലെ ഉള്‍പോര് മറനീക്കി പുറത്തുവരുന്നു. ബിഹാറിലെ ഇടതുപക്ഷ പാര്‍ട്ടിയായ സിപിഐഎംഎല്ലാണ് ഇപ്പോള്‍ അതൃപിതി അറിയിച്ച് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്റെ പ്രകടനമാണെന്ന് സിപിഐഎംഎല്‍ ആരോപിച്ചു.
അടിത്തറ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവര്‍ക്ക് ബിഹാറില്‍ 70 സീറ്റ് നല്‍കിയത് തിരിച്ചടിയായെന്നും സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ തുറന്നടിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഗൗരവമായി എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം സിപിഎമ്മിന് തിരിച്ചടിയാകുമെന്നും ഭട്ടാചാര്യ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിന്റെ സാമൂഹിക പ്രസക്തി നഷ്ടപ്പെട്ടുവെന്നും ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ സിപിഐഎംഎല്‍ പങ്കാളിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് 70 സീറ്റുകളിലാണ് മത്സരിച്ചത്. എന്നാല്‍ മഹാസഖ്യത്തിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് വെറും 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്. അതേസമയം സഖ്യത്തിന്റെ ഭാഗമായ ഇടതുപക്ഷ പാര്‍ട്ടികള്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. മത്സരിച്ച 20 സീറ്റുകളില്‍ 12 ലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയിരുന്നു.