ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴും. മൂന്നാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎക്കും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മഹാസഖ്യത്തിനും വേണ്ടി പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നു.
78 മണ്ഡലങ്ങളാണ് മറ്റന്നാള്‍ ജനവിധിയെഴുതുന്നത്. ഇതോടെ 243 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ 55 ശതമാനവും രണ്ടാം ഘട്ടത്തില്‍ 53 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. പത്തിനാണ് വോട്ടെണ്ണല്‍.
ബിഹാറില്‍ ഭരണ തുടര്‍ച്ചയെന്ന് എന്‍ഡിഎ അവകാശപ്പെടുമ്പോള്‍ അഭിപ്രായ സര്‍വേകളും അവര്‍ക്ക് അനുകൂലമാണ്. എന്നാല്‍ നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ബിഹാറില്‍ അധികാരത്തില്‍ വരുമെന്നുമാണ് മഹാസഖ്യത്തിന്റെ അവകാശവാദം. നിതീഷ് കുമാര്‍ ഇനി മുഖ്യമന്ത്രിയാകില്ലെന്നാണ് എന്‍ഡിഎക്ക് ഭീഷണി ഉയര്‍ത്തുന്ന ചിരാഗ് പാസ്വാന്റ വെല്ലുവിളി.