പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ തെരഞ്ഞെടുപ്പിന്റെ വിധി പൂര്‍ണമായും വ്യക്തമാകും. 243 അംഗ ബിഹാര്‍ നിയമസഭയിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 55 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ നിര്‍ണ്ണായകമായ മധ്യപ്രദേശ് നിയമസഭയിലേക്കുളള 28 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും നാളെ വ്യക്തമാകും.
സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. ഈ മൂന്ന് ഘട്ടങ്ങളിലായി 56.19 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌കുമാര്‍ ആയിരുന്നു എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. മറുവശത്ത് പ്രതിപക്ഷ പര്‍ട്ടികളുടെ മുഖമായി ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വീ യാദവ് മാറി. രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഹ് പാസ്വാന്റെ നേതൃത്വത്തിലുള്ള എല്‍ജെപി, ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജനവിധി തേടി.
തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്ത് വന്ന ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും മഹാസഖ്യത്തിന് വലിയ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളെ സാധൂകരിച്ച് പ്രതിപക്ഷ സഖ്യം വിജയിച്ചാല്‍ ദേശീയ തലത്തില്‍ തന്നെ എന്‍ഡിഎയ്ക്കെതിരായ നീക്കങ്ങള്‍ക്ക് ഫലം ഊര്‍ജം നല്‍കും. അതേസമയം വിജയം ഉറപ്പാണെന്നും വിജയാഘോഷം സമചിത്തതയോടെ കൂടി നടത്താവു എന്നും തേജസ്വീ യാദവ് പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദേശിക്കുകയും ചെയ്തു. നാളെ പുറത്തു വരുന്ന തെരഞ്ഞെടുപ്പ് ഫലം ബിഹാറിനെ സംബന്ധിച്ച് വളരെയേറെ നിര്‍ണ്ണായകമാണ്.



















