വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ നയങ്ങള്‍ തിരുത്തി ജോ ബൈഡന്‍. ട്രംപിനെ തിരുത്തുന്ന 15 എക്‌സിക്യുട്ടീവ് ഉത്തരവുകളിലാണ് ബൈഡന്‍ ഒപ്പുവച്ചത്.
പൊതുസ്ഥലങ്ങളില്‍ മാക്‌സ് നിര്‍ബന്ധമാക്കുകയും പാരീസ് ഉടമ്പടിയില്‍ വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരുവകളാണ് ബൈഡന്‍ ആദ്യം ഒപ്പിട്ടത്. വിസാ നിയമങ്ങളിലും അഭയാര്‍ത്ഥി പ്രശ്‌നങ്ങളിലും കൂടുതല്‍ ഉദാരമായ നടപടി ഉടന്‍ ഉണ്ടാകും. ആദ്യ ദിനം തന്നെ ചരിത്രപരമായ നടപടികളിലേക്കാണ് ജോ ബൈഡന്‍ കടന്നതെന്ന് നിയുക്ത വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.
ഉത്തരവുകളില്‍ പ്രധാനപ്പെട്ടവ
- ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരും.
- സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം 100 ദിവസത്തേക്ക് മാസ്‌ക് നിര്‍ബന്ധമാക്കും.
- മാര്‍ച്ച് 31 വരെ കുടിയൊഴിപ്പിക്കലിനും വസ്തു ഏറ്റെടുക്കുന്നതിനും മൊറട്ടോറിയം പ്രഖ്യാപിക്കും.
- വിദ്യാര്‍ത്ഥി വായ്പകളുടെ ഭാരം ലഘൂകരിക്കും.
- പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും അംഗമാകും.
- മെക്‌സികോ അതിര്‍ത്തിയിലെ മതില്‍ക്കെട്ടിന് ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കും.
- ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള സഞ്ചാര വിലക്കുകള്‍ അവസാനിപ്പിക്കും.
- കുട്ടികളായിരിക്കെ അനധികൃതമായി യുഎസിലെത്തിയവരെ സംരക്ഷിക്കാനുള്ള ഡാക പദ്ധതി ശക്തിപ്പെടുത്തും.