ഡല്‍ഹി: കാര്‍ഷിക നിയമങ്ങളക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിയില്‍ നിന്നും മുന്‍ എംപി ഭുപീന്ദര്‍ സിംഗ് മാന്‍ രാജിവെച്ചു. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് താന്‍ സമിതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ഭുപീന്ദര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് സുപ്രീംകോടതി രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ കാര്‍ഷിക നയങ്ങളെ പിന്തുണക്കുന്നവരാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭുപീന്ദര്‍ സിംഗിന്റെ രാജി.
അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരടങ്ങുന്നതായിരുന്നു സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീം കോടതിയോട് നന്ദി അറിയിക്കുകയാണ് ഭുപീന്ദര്‍ പറഞ്ഞു. കര്‍ഷകനെന്ന നിലയിലും കാര്‍ഷിക യുണിയന്‍ നേതാവെന്ന നിലയിലും കര്‍ഷകരുടെ വികാരം എനിക്ക് മനസിലാക്കാനാവും. ഈയൊരു സാഹചര്യത്തില്‍ എനിക്ക് ലഭിച്ച പദവി ഉപേക്ഷിക്കാന്‍ തയാറാണ്. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യങ്ങളെ തനിക്ക് ഉപേക്ഷിക്കാനാവില്ലെന്ന് ഭൂപീന്ദര്‍ സിംഗ് മാന്‍ പറഞ്ഞു.