കൊല്‍ക്കത്ത: ഗോമൂത്രം കുടിച്ചാല്‍ കോവിഡിനെ തോല്‍പ്പിക്കാനാകുമെന്ന വിചിത്ര വാദവുമായി ബിജെപി നേതാവ് രംഗത്ത്. പശ്ചിമ ബംഗാളിലെ ബിജെപി പ്രസിഡന്റ് ദിലിപ് ഘോഷാണ് ഗോമൂത്രം കുടിച്ച് കോവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്തൂ എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
ദുര്‍ഖാപൂരില്‍ കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ വെര്‍ച്വല്‍ പ്രചരണമായ ‘ചായ് പെ ചര്‍ച്ച’യില്‍ സംസാരിക്കവെയാണ് ദിലിപ് ഘോഷിന്റെ ആഹ്വാനം. “ഞാന്‍ ഇപ്പോള്‍ പശുക്കളെക്കുറിച്ചു പറഞ്ഞാല്‍ പലര്‍ക്കും ബുദ്ധിമുട്ടാവും. കഴുതകള്‍ക്ക് പശുവിന്റെ വില ഒരിക്കലും മനസിലാവില്ല. ഇത് ഇന്ത്യയാണ്, ശ്രീകൃഷ്ണന്റെ ദേശം. ഇവിടെ പശുക്കള്‍ ദൈവമാണ്. ഞങ്ങള്‍ അതിനെ ആരാധിക്കുന്നു. ആരോഗ്യത്തോടെ ഇരിക്കാന്‍ ഗോമൂത്രം കുടിക്കൂ’ ദിലിപ് ഘോഷ് പറഞ്ഞു.
ഗോമൂത്രം കോവിഡിനെ തുരത്തുമെന്ന പ്രസ്താവനയുമായി ചില ബിജെപി നേതാക്കള്‍ മുന്‍പും രംഗത്തു വന്നിട്ടുണ്ട്. ദിലിപ് ഘോഷ് തന്നെ ഇതിനു മുന്‍പ് സമാന പ്രസ്താവന നടത്തിയിരുന്നു. പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്ന ദിലീപ് ഘോഷിന്റെ പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രീയ രംഗത്തും സമൂഹ മാധ്യമങ്ങളിലും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.











