ബിലീവേഴ്സ് ചര്‍ച്ച് പണമിടപാട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ കണക്കില്‍പ്പെടാത്ത എട്ട് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്.
ബിലീവേഴ്സ് ചര്‍ച്ചിന് മറവില്‍ കള്ളപ്പണ ഇടപാട് നടന്നതായി വ്യക്തമാക്കുന്നതാണ് റെയ്ഡില്‍ നിന്നും ലഭിച്ച വിവരങ്ങള്‍. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ബിലീവേഴ്സ് ചര്‍ച്ചിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കും. ആദായ നികുതി വകുപ്പില്‍ നിന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു.
ബിലീവേഴ്സ് ചര്‍ച്ച് ചാരിറ്റിക്ക് എത്തിയ പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചതായി ആധായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 6000 കോടിയോളം രൂപയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കിയതായി അധികൃതര്‍ കണ്ടെത്തി. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡില്‍ ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

















