English हिंदी

Blog

behrain-covid

 

മനാമ: കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂന്നാഴ്ചത്തേക്കുകൂടി തുടരും. കോവിഡ് പ്രതിരോധത്തിനുള്ള നാഷനല്‍ മെഡിക്കല്‍ ടീം ആണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 14 വരെയാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ടാവുക.

സര്‍ക്കാര്‍ ഓഫിസുകളില്‍ 70 ശതമാനം വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയുള്ള അധ്യായനം ഉണ്ടാകില്ല. ഓണ്‍ലൈന്‍ പഠനം പതിവുപോലെ തുടരും. ഇന്‍ഡോര്‍ ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളും അടച്ചിടും. സ്വകാര്യ ജിംനേഷ്യങ്ങള്‍ക്ക് പുറത്തുള്ള കായിക പരിശീലനങ്ങള്‍ 30 പേരില്‍ അധികമാകാതെ നടത്താം.

Also read:  ബഹ്റൈനില്‍ ഇന്‍ഡോര്‍ ഡൈനിംഗിനുള്ള നിയന്ത്രണം മാര്‍ച്ച് 14 വരെ മാത്രം

റസ്റ്റാറന്റുകളിലും കഫേകളിലും അകത്ത് ഭക്ഷണം നല്‍കുന്നതിനും വിലക്ക് തുടരും. അതേസമയം, പുറത്ത് ഭക്ഷണം നല്‍കാം. ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ക്ലാസുകളും നിര്‍ത്തിവെക്കും. വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും 30 പേരില്‍ അധികമുള്ള കൂടിച്ചേരലുകളും വിലക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് ജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് നാഷനല്‍ മെഡിക്കല്‍ ടീം ആഹ്വാനം ചെയ്തു. രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഏഴിനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. 21 വരെയാണ് അന്ന് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. അതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്.

Also read:  റമദാന്‍ കാലത്ത് അനധികൃത പിരിവുകള്‍ വര്‍ദ്ധിക്കുന്നു, നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്