ഐപിഎല്‍ പോരാട്ടത്തിനു വേദിയാകുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സന്ദര്‍ശിച്ചു. മത്സര ഒരുക്കങ്ങളുടെ ഭാഗമായി റോയല്‍ സ്യൂട്ട്, കമന്ററി ബോക്‌സ്, വി.ഐ.പി ബോക്‌സുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ മോടിയാക്കിയിരുന്നു.
ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, മുന്‍ ചെയര്‍മാന്‍ രാജീവ് ശുക്ല,സി.ഒ.ഒ ഹേമങ് അമിന്‍, അരുണ്‍ ധൂമല്‍, ജയേഷ് ജോര്‍ജ്, മുബാസിര്‍ ഉസ്മാനി തുടങ്ങിയവരും ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം അധികൃതരും ഗാംഗുലിക്കൊപ്പം ഉണ്ടായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഒക്ടോബര്‍ 12നും ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ 23നും ഇവിടെ ഏറ്റുമുട്ടും.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയില്‍ മല്‍സരങ്ങള്‍ നടത്തുകയെന്നത് അസാധ്യമായതോടെയാണ്് ടൂര്‍ണമെന്റിന്റെ വേദി യുഎഇയിലേക്കു മാറ്റിയത്.സെപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെ ദൂബായ്,അബുദാബി,ഷാര്‍ജ എന്നിവിടങ്ങിളിലാണ് ഐ.പി.എല്‍ യുഎഇയില്‍ അരങ്ങേറുക.
മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. എന്നാല്‍ കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ഏപ്രില്‍ മധ്യത്തിലേക്കു ടൂര്‍ണമെന്റ് നീട്ടാന്‍ ബിസിസിഐ ആദ്യം തീരുമാനിച്ചെങ്കിലും രാജ്യത്തു ലോക്ക്ഡൗണ്‍ വന്നതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു.