ന്യൂഡല്‍ഹി: ടിആര്‍പി തട്ടിപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേക്ക് ബാര്‍ക്ക് റേറ്റിങ് പുറത്തുവിടില്ലെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍. റേറ്റിങ് നിശ്ചയിക്കുന്ന സംവിധാനം ശക്തിപ്പെടുത്തുന്നതിനായാണ് നടപടിയെന്ന് റേറ്റിങ് ഏജന്‍സിയായ ബാര്‍ക്ക് വ്യക്തമാക്കി. വാര്‍ത്താ ചാനലുകളുടെ റേറ്റിങ് പുറത്തുവിടുന്നതാണ് നിര്‍ത്തിവച്ചത്.
ദേശീയ വാര്‍ത്താ ചാനലായ റിപ്പബ്ലിക് ടിവിയുടെ ടെലിവിഷന്‍ റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയവെ ബാര്‍ക്ക് സ്വീകരിച്ച നടപടിയെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു.
റേറ്റിങില്‍ കൃത്രിമം കാണിച്ചുവെന്ന പരാതിയില്‍ റിപ്പബ്ലിക് ടിവിക്കും മാറാത്തി ചാനലുകളായ ഫക്ത് മറാത്തി, ബോക്സ് സിനിമക്കും എതിരെയാണ് മുംബൈ പോലീസ് കേസെടുത്തത്. ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീട്ടുകാരെ പണം നല്‍കി സ്വാധീനിക്കുന്നു എന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
അതേസമയം ടിആര്‍പി തട്ടിപ്പ് കേസില്‍ മുംബൈ പോലീസിന്റെ നടപടിക്കെതിരായി റിപ്പബ്ലിക് ടിവി നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി ബോംബേ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.