വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചും പരാമര്‍ശം. വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത വ്യക്തിയാണ് രാഹുലെന്നാണ് ഒബാമയുടെ പരാമര്‍ശം.
അധ്യാപകനില്‍ മതിപ്പണ്ടായക്കാന്‍ അതിയായി ആഗ്രഹിക്കുന്ന, എന്നാല്‍ വിഷയത്തില്‍ മുന്നിട്ടു നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുലെന്ന് ‘എ പ്രോമിസ്ഡ് ലാന്റ് ‘ (A promised Land) എന്ന പുസ്‌കത്തില്‍ ഒബാമ പറയുന്നു.
ബരാക് ഒബാമയുടെ രാഷ്ട്രീയയും വ്യക്തിപരവുമായ ഓര്‍മക്കുറിപ്പുകളാണ് ‘എ പ്രോമിസ്ഡ് ലാന്റി’ല്‍ അടങ്ങിയിരിക്കുന്നത്. ഒബാമയുടെ ഭരണകാലത്ത് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായിരുന്നു രാഹുല്‍ ഗാന്ധി. രണ്ട് തവണയാണ് രാഹുലും ഒബാമയും കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. 2015ലും 2017ലും.
അതേസമയം കളങ്കമേല്‍ക്കാത്ത, സത്യസന്ധനായ വ്യക്തിയാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങെന്നും ഒബാമ തന്റെ പുസ്തകത്തില്‍ പറയുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, അന്നത്തെ പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്‌സ്, ജോ ബൈഡന്‍ തുടങ്ങി നിരവധി പ്രമുഖരെക്കുറിച്ച് ഒബാമ തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.












