സാമ്പത്തിക പ്രതിസന്ധിയില്‍ ദുരിത്തിലായ വ്യവസായ സ്ഥാപനങ്ങള്‍ക്ക് നിയമ പരിരക്ഷയൊരുക്കി പാപ്പര്‍ നിയമ ഭേദഗതിക്കു യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമഭേദഗതി അംഗീകരിച്ചത്.
സാധാരണ കടബാധ്യത ഉണ്ടാകുമ്പോള്‍ പാപ്പരായി പ്രഖ്യാപിച്ച് ബിസിനസ് നിര്‍ത്താനുള്ള നടപടി തുടങ്ങുകയാണ് പതിവ്. പുതിയ നിയമം അനുസരിച്ച് സ്ഥാപനം പൂട്ടേണ്ടിവരില്ല. കടക്കാരുമായി പുതിയ വ്യവസ്ഥയുണ്ടാക്കി തിരിച്ചടവിന് 12 മാസം വരെ സമയം തേടാം.
ഈ വ്യവസ്ഥകള്‍ കോടതി അംഗീകരിച്ചാല്‍ ബിസിനസ് നടത്തുന്നതിന് ആവശ്യമായ വായ്പകളും ലഭിക്കും. തിരിച്ചടവിനുള്ള പണം ഉപയോഗിച്ച് ബിസിനസ് തുടരാം. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ മാന്ദ്യത്തില്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഭീമമായ നഷ്ടമുണ്ടാകുകയും പലരുടെയും ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഭേദഗതി.
പ്രകൃതി ദുരന്തങ്ങള്‍, യുദ്ധം, മഹാമാരി തുടങ്ങി അടിയന്തര ഘട്ടങ്ങളില്‍ ബിസിനസും നിക്ഷേപവും തകര്‍ന്നവര്‍ക്ക് വീണ്ടെടുക്കാനുള്ള അവസരമാണു ലഭിക്കുക. ബിസിനസ് തുടരാനും തൊഴില്‍ നഷ്ടം ഒഴിവാക്കാനും കടം വീട്ടാനും നിയമ ഭേദഗതിയിലൂടെ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ബിസിനസ്, നിക്ഷേപ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് പുതിയ നിയമം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.