കൊച്ചി: ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വര്‍ഷയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ. ഫിറോസ് കുന്നംപറമ്പില്‍ അടക്കം ആരോപണം ഉയര്‍ന്നിരിക്കുന്ന എല്ലാവരുടെയും മുന്‍ പണമിടപാടുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷയുടെ അക്കൗണ്ടിലേക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വന്നിരിക്കുന്നത്. മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ്. അതിനാല്‍ തന്നെ ഹവാല ഇടപാട് സംശയിക്കുന്നില്ലെന്നും സാഖറെ പറഞ്ഞു.
അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയ കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് എറണാകുളം ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്.
കേസില്‍ പ്രതിസ്ഥാനത്തുള്ളവര്‍ക്കെതിരെ വര്‍ഷയെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയതിനും അന്വേഷണം നടത്തുന്നുണ്ട്. അതെ സമയം സഹായം സ്വീകരിച്ച വര്‍ഷയുടെ അമ്മക്ക് ചികിത്സക്കായി അവരുടെ അക്കൗണ്ടില്‍ വന്നിരുന്ന സംഖ്യ ഹവാല പണമാണെങ്കില്‍ വര്‍ഷയുടെയും അമ്മയുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും അതില്‍ വന്ന മുഴുവന്‍ സംഖ്യയും സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.