ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്ററിന്റെ നിര്‍മ്മാണം ബെംഗളൂരുവില്‍ പൂര്‍ത്തിയായി കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ബെംഗളൂരു രാജ്യാന്തര എക്‌സിബിഷന്‍ സെന്ററാണ് കോവിഡ് കെയര്‍ സെന്ററായി മാറ്റിയിരിക്കുന്നത്. കോവിഡ്, പകര്‍ച്ചപ്പനി എന്നീ ലക്ഷണങ്ങള്‍ ഉള്ളവരെയാണ് ഇവിടെ ചികിത്സിക്കുക. കോവിഡ് രോഗികള്‍ക്കായി 10,100 കിടക്കളാണ് ഒരുക്കിയിട്ടുളളത്. ആദ്യഘട്ടത്തില്‍ 5000 കിടക്കകളിലേക്കാണ് പ്രവേശനം ഉളളത്.
നൂറു രോഗികള്‍ക്ക് ഒരു ഡോക്ടര്‍, രണ്ട് നഴ്‌സുമാര്‍, ഒരു കംപൗണ്ടര്‍, രണ്ട് ശുചീകരണ തൊഴിലാളികള്‍, രണ്ട് സിവില്‍ വാര്‍ഡന്‍മാര്‍ എന്നിങ്ങനെയാണ് നിയോഗിക്കുക. നിലവില്‍ കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2,200 ജീവനക്കാരാണുളളത്. സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പൂരിലെ രാധാ സ്വാമി സത് സങ്ങില്‍ ആരംഭിച്ച കെയര്‍ സെന്ററില്‍ 10,000 കിടക്കകളാണുളളത്. അതേസമയം കേരളത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂരില്‍ ഉയരുകയാണ്. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള സ്ഥലത്താണ് കെയര്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിനായി സ്ഥലം സര്‍ക്കാരിന്‍ വിട്ടുകൊടുക്കുകയും ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി ജില്ലാഭരണകൂടം അറിയിച്ചു.











